
ലണ്ടൻ: ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന അറ്റ്ലാന്റിക് മഴക്കാടുകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും സ്കോട്ട്ലൻഡിൽ വൻ പദ്ധതി. ഇതിനായി 6 മില്യൺ പൗണ്ടിന്റെ (ഏകദേശം 67 കോടി രൂപ) ധനസഹായം അനുവദിച്ചു. വനസംരക്ഷണത്തിനൊപ്പം ഗ്രാമീണ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള അഞ്ചുവർഷത്തെ പദ്ധതിയാണിത്.
സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് ഈ അപൂർവ മഴക്കാടുകൾ പ്രധാനമായും കാണപ്പെടുന്നത്. ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്ന് വ്യത്യസ്തമായി തണുപ്പും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയിൽ വളരുന്ന വനങ്ങളാണിവ. പായലുകൾ, ലൈക്കണുകൾ, അപൂർവ സസ്യങ്ങൾ, വിവിധയിനം വന്യജീവികൾ എന്നിവയുടെ പ്രധാന ആവാസകേന്ദ്രം കൂടിയാണ് ഈ വനമേഖല.
നിലവിൽ ഏകദേശം 30,000 ഹെക്ടർ അറ്റ്ലാന്റിക് മഴക്കാടുകൾ മാത്രമാണ് സ്കോട്ട്ലൻഡിൽ അവശേഷിക്കുന്നതെന്നാണ് കണക്ക്. അമിതമായ മൃഗമേച്ചിൽ, അധിനിവേശ സസ്യങ്ങളുടെ വ്യാപനം, വനനശീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഈ ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണിയാണ്.
'ഔർ റെയിൻഫോറസ്റ്റ് ഫ്യൂച്ചേഴ്സ്' (Our Rainforest Futures) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ടോറിഡോൺ, മോർവേൺ, മിഡ്-ആർഗൈൽ എന്നിവിടങ്ങളിൽ മൂന്ന് കേന്ദ്രങ്ങൾ സ്ഥാപിക്കും. വനസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രാദേശിക സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്യുക, വന്യജീവികളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, വനമേഖലകളുടെ പുനരുദ്ധാരണം, പരിസ്ഥിതി നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമാകും. ഇതിനായി പ്രദേശവാസികൾക്ക് പരിശീലനവും നൽകും.
പദ്ധതിയിലൂടെ 20ലേറെ പുതിയ തൊഴിലവസരങ്ങളും 15 പരിശീലന അവസരങ്ങളും സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തെ പ്രാദേശിക ജനങ്ങളുടെ ഉപജീവനവുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വുഡ്ലാൻഡ് ട്രസ്റ്റ് സ്കോട്ട്ലൻഡിന്റെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംഘടനകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപൂർവമായ പ്രകൃതിസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം ഭാവിതലമുറയ്ക്കായി ഈ വനങ്ങളുടെ ജൈവവൈവിധ്യം നിലനിർത്താനും പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.










